പയ്യന്നൂര്‍: ടൗണിലെ പഞ്ചമി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് കൂഡല്ലൂര്‍ ജില്ലയിലെ വിരുദാചലം കമ്മപുരം സി രുവപൂര്‍ സ്വദേശി സുന്ദര്‍രാജയുടെ മകന്‍ കണ്മണിരാജയെ(37)യാണ് പയ്യന്നൂര്‍ എസ്.ഐ.എം വി.ഷീ ജുവിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെ ചിദംബരത്ത് പിടികൂടിയത്. മറ്റൊരു ജ്വല്ലറി കവര്‍ച്ച കേസില്‍ തമിഴ്‌നാട്ടില്‍ പിടിയിലായതിന് പിന്നാലെയാണ് ഇയാളെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്ര റോഡില്‍ താമസിക്കുന്ന ഗംഗോത്രിയില്‍ അശ്വിന്റെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള നിരീക്ഷണ ക്യാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്‌പ്രേ പെയിന്റടിച്ചു. ശേഷം ഷട്ടറിന്റെ പൂട്ട് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും മേശവലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപയും കവര്‍ച്ച ചെയ്തത്. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ലോക്കര്‍ തകര്‍ക്കാന്‍ രണ്ടു തവണ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അലാറം മുഴങ്ങിയതിനാല്‍ പിന്‍മാറുകയായിരുന്നു. കവര്‍ച്ച കേസിലെ മറ്റൊരു പ്രതിയായ തമിഴ്‌നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശിയായ ജഗദുല്‍ സാദിഖിനെ(40) പയ്യന്നൂര്‍ പൊലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് വിദഗ്ധര്‍ക്ക് ലഭിച്ച വിരലടയാളമാണ് പ്രതികളെക്കുറിച്ച് സൂചനലഭിച്ചത്. പയ്യന്നൂര്‍ പൊലീസ് പ്രൊഡക്ഷന്‍ വാറന്റുമായി തമിഴ്‌നാട്ടിലെ ജയിലിലെത്തി ജഗദുല്‍ സാദിഖിനെ അറസ്റ്റ് ചെയ്ത് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു. മോഷണ മുതല്‍ കണ്മണിരാജയുടെ കയ്യിലാണുള്ളതെന്ന് പ്രതി പൊലീസിന് മൊഴിനല്‍കിയിരുന്നു. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്. തെളിവെടുപ്പ് നടത്തി തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
