ഞെട്ടാൻ തയ്യാറായിക്കോളൂ എന്ന് മോഹൻലാൽ ആരാധകർ: എമ്പുരാൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടും
മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വെെകുന്നേരം അഞ്ചുമണിക്കാകും പോസ്റ്റർ റിലീസ് ചെയ്യുക. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ അബ്രാം ഖുറേഷിയുടെ ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് പോസ്റ്റർ. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ദീപാവലിക്ക് മുമ്പേ ആഘോഷങ്ങൾ തുടങ്ങുന്നു എന്ന കുറിപ്പോടെ ശനിയാഴ്ച ഫസ്റ്റ് ലുക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ലൈക്ക പ്രൊഡക്ഷൻസ്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘എമ്പുരാൻ’. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ.’ ബോക്സ്ഓഫീസിൽ വൻവിജയമായ ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. ഡൽഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നിലവിൽ ഷെഡ്യൂൾ ബ്രേക്കിലാണ് എമ്പുരാനുള്ളത്. സംവിധായകൻ പൃഥ്വിരാജും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ ആണ്. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബര്‍ 5നാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്.