വയനാട്ടിലെ ഏറ്റുമുട്ടലിനു ശേഷവും ഇരിട്ടിയിൽ മാവോയിസ്റ്റുകളിറങ്ങി; കരിക്കോട്ടക്കരിയിൽ എത്തിയത് 9 അംഗ സംഘം


കണ്ണൂര്‍: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടിനു നേരെ എ.കെ 47 തോക്കുകള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തശേഷം വനത്തിലേയ്‌ക്ക്‌ രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ കണ്ണൂരിലും മാവോയിസ്റ്റുകളിറങ്ങി. ഇരിട്ടി പൊലീസ്‌ സബ്‌ ഡിവിഷന്‍ പരിധിയിലെ കരിക്കോട്ടക്കരി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ ഇന്നലെ രാത്രി ഒന്‍പതംഗ മാവോയിസ്റ്റുകള്‍ എത്തിയത്‌. സായുധരായി എത്തിയ സംഘത്തിലെ മൂന്നുപേര്‍ ജയപാലന്‍, ജോസ്‌, ബേബി എന്നിവരുടെ വീടുകളില്‍ കയറി മറ്റു ആറുപേര്‍ വീടിനു പുറത്തു കാവല്‍ നിന്നു. വീട്ടുകാരോട്‌ ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടാണ്‌ മാവോയിസ്റ്റുകള്‍ എത്തിയത്‌.
ഒരു വീട്ടില്‍ നിന്നു റേഷന്‍ അരി നല്‍കിയെങ്കിലും മറ്റു രണ്ടു വീടുകളില്‍ നിന്നു ഭീതി കാരണം ഒന്നും നല്‍കിയില്.വനിതകളടക്കമുള്ള സംഘം തിരികെ പോയതിനുശേഷമാണ്‌ വീട്ടുകാര്‍ വിവരം കരിക്കോട്ടക്കരി പൊലീസില്‍ അറിയിച്ചത്‌. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട്‌, തലപ്പുഴ, പേര്യ, ചപ്പാരംകോളനിയില്‍ വച്ച്‌ തണ്ടര്‍ബോള്‍ട്ടിന്റെ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരടങ്ങിയ കബനീദളത്തില്‍ ഉള്‍പ്പെടുന്നവരാണ്‌ ഇന്നലെ രാത്രി കരിക്കോട്ടക്കരിയിലെത്തിയ സായുധസംഘമെന്നു സംശയിക്കുന്നു.
അതേ സമയം പേര്യയില്‍ ഏറ്റുമുട്ടലിനുശേഷം വനത്തിലേയ്‌ക്ക്‌ രക്ഷപ്പെട്ട മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചാണ്‌ നിരീക്ഷണവും തെരച്ചിലും തുടരുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page