അബൂദാബി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം തീര്‍ത്ഥാടകരെ ഹജ്ജിന് കൊണ്ടുപോകാന്‍ കഴിയുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ല കുട്ടി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളും ആലോചനകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിച്ചുവെന്നു യു എ ഇ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
ജി 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സൗദി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയില്‍ വാണിജ്യ-ദേശീയ-സര്‍വ്വദേശീയ-ഉപയകക്ഷി ബന്ധങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും അതിലുപരി അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് ക്വട്ട കൂട്ടിത്തരുമോ എന്ന് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ചു അനുകൂല മറുപടിയാണ് രാജകുമാരന്റെ ഭാഗത്തുനിന്നുമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരെയാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അയക്കാന്‍ കഴിഞ്ഞതെങ്കില്‍ ക്വാട്ട അടുത്ത വര്‍ഷം മുതല്‍ രണ്ട് ലക്ഷമായി ഉയര്‍ത്തിക്കിട്ടാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയുമെന്ന് എ പി അബ്ദുല്ല കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ പത്ത് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം 22 കേന്ദ്രങ്ങളായി ഉയര്‍ത്തി. കേരളത്തിലെ നാലില്‍ മൂന്ന് വിമാനത്താവളങ്ങളും നിലവില്‍ ഹജ്ജിന് പുറപ്പെടല്‍ കേന്ദ്രങ്ങളാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളുള്ളത് കേരളത്തിലാണ്.തിരുവനന്തപുരവും എംബാര്‍ക്കേഷന്‍ പോയിന്റ് ആരംഭിക്കണമെന്നാവശ്യം ഉയര്‍ന്നു വരുന്നുണ്ട്. താരതമ്യേന തെക്കന്‍ ജില്ലയില്‍ നിന്നും ഹാജിമാരുടെ എണ്ണം കുറവാണെങ്കിലും അടുത്ത വര്‍ഷം തിരുവനന്തപുരത്തും ലക്ഷദ്വീപിലും എംബാര്‍ക്കേഷന്‍ പോയിന്റ് ആരംഭിക്കുവാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കവരത്തി വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കൂട്ടി ദ്വീപ് സമൂഹങ്ങളുടെ സൗദിയിലേക്ക് നേരിട്ട് വിമാനമെന്ന സ്വപ്‌നം യാതാര്‍ഥ്യമാക്കുമെന്നും എ പി അബ്ദുല്ല കുട്ടി പറഞ്ഞു. ലക്ഷദ്വീപിലെ ഹാജിമാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ ചെയ്യുന്ന ത്യാഗത്തിന് കുറവില്ല. മൂന്ന് മാര്‍ഗം വഴി ഹജ്ജിന് പോകുന്നവര്‍ ലക്ഷദ്വീപുകാര്‍ മാത്രമായിരിക്കും. കരയിലും കടലിലും ആകാശം വഴിയും യാത്ര ചെയ്‌താണ് ഇവര്‍ ഹജ്ജിന് പോകുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച ഒരാളാണ് താനെന്നും ആക്ഷന്‍ കമ്മിറ്റിയുടെ കാലം മുതല്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചത് ഞാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ബി ജെ പി ക്കെതിരെ ദുഷ്‌പ്രചരണമാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ദയനീയ സ്ഥിതി കണ്ടിട്ടാണ് കണ്ണൂരില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് ആരംഭിച്ചത്. തൊട്ടടുത്ത കോഴിക്കോട്ടും കൊച്ചിയിലും പോയിന്റ് ഉള്ളപ്പോള്‍ കണ്ണൂരിന്റെ സാധ്യത വളരെ കുറവായിരുന്നു. വ്യക്തിപരമായി ഇടപെട്ടിട്ടാണ് എംബാര്‍കേഷന്‍ പോയിന്റ് കണ്ണൂരില്‍ സ്ഥാപിച്ചത്. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ ബി ജെ പി ക്ക് താല്‌പര്യമില്ല എന്ന് പറയരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.