ബംഗളൂരു: കര്‍ണാടക ഖനി വകുപ്പ് വനിതാ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.പ്രതിമ (45) കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റിലായി. ബംഗളൂരു പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിരണ്‍. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ചാമരാജനഗറിലേക്ക് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ വസതിയില്‍ വെച്ചാണ് പ്രതിമക്ക് കുത്തേറ്റത്. ഭര്‍ത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം. ഭര്‍ത്താവ് ജന്മനാടായ തീര്‍ത്ഥഹള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരന്‍ വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8 നും ഞായറാഴ്ച രാവിലെ 8 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍, ശനിയാഴ്ച വൈകിട്ട് 6 മണി വരെ പ്രതിമ ഓഫിസിലുണ്ടായിരുന്നു. അതിനുശേഷം രാത്രി 8 മണിയോടെ കിരണിന് പകരം നിയമിച്ച ഡ്രൈവറാണ് പ്രതിമയെ അപ്പാര്‍ട്‌മെന്റില്‍ കൊണ്ടാക്കിയതെന്നും കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് കൊല നടന്നത്.
