നേപ്പാളിൽ വൻ ഭൂചലനം;70 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഡൽഹി അടക്കം ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു:നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.

നേപ്പാളിലെ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജജാര്‍കോട്ട് ജില്ലയില്‍ 26 പേര്‍ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. രാത്രിയായതിനാല്‍ വിവരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് മേധാവി നംരാജ് ഭട്ടറായ് അറിയിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page