കാസര്‍കോട്: ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി കാസിം (20) ആണ് മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് കേരളത്തില്‍ ജോലി തേടിയെത്തിയ കാസിം രണ്ടു മാസം മുമ്പാണ് ചെമ്മനാട്ടെ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ തൊഴിലാളിയായി ചേര്‍ന്നത്. സഹ തൊഴിലാളികളായ പത്തോളം പേര്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.ഇന്നു രാവിലെ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. മൃതദേഹം നാട്ടിലേയ്‌ക്ക് കൊണ്ടുപോകുമെന്ന് സഹ തൊഴിലാളികള്‍ പറഞ്ഞു. സൈഫുബുല്‍-കോട്ടി ദമ്പതികളുടെ മകനാണ് കാസിം. സഹോദരന്‍: തരിഖുല്‍ ഇസ്ലാം.