–
കാസർകോട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ 32 വര്‍ഷം തടവും 60,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കണം. പോക്‌സോ ആക്ട് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പില്‍ മോഹനനെ (63)യാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശനം നടത്തുന്നതിന് മുമ്പുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന 13 കാരനെ വിളിച്ചുവരുത്തി വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയമാക്കുകയും, പീഡന കാര്യം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.പി ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.