മംഗളൂരു: ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ചതിക്കുഴിയില്‍ വീണ് പണം നഷ്ടമാകുന്ന സംഭവങ്ങള്‍ ഇന്നു നിത്യസംഭവമാണ്. എന്നാല്‍ ഫേസ് ബുക്കില്‍ സുഹൃത്തായതു വഴി ഒരു പ്രവാസിക്ക് നഷ്ടമായത് ആറുലക്ഷം. ബല്‍ത്തങ്ങാടി ഉജിരെക്ക് സമീപം ഗുരിപള്ളയിലാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന സതീഷ് ഗൗഡ(50)യാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കില്‍ കണ്ട ഒരു സ്ത്രീയെ പരിചയപ്പെടുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. നിത്യ സംഭാഷണത്തിലൂടെ പ്രവാസിയുടെ വിശ്വാസം നേടിയ യുവതി വിവിധ കാരണങ്ങള്‍ പറഞ്ഞ് 6,96,500 രൂപ അടിച്ചുമാറ്റുകയായിരുന്നു. യുവതിയുടെ മോഹനവാഗ്ദാനങ്ങളില്‍ വീണ പ്രവാസി അവളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് യുവതിയുടെ അക്കൗണ്ട് പൂട്ടിയതോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് സതീഷിന് മനസിലായത്. ഇതേ തുടര്‍ന്ന് സതീഷ് നാട്ടിലെത്തി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഉജിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
