ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എട്ടാമത്തെ ബാലൺ ഡി ഓർ നേടി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. നോർവേയുടെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ ജേതാവായ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ്, മെസ്സി ഇത് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ 56 ഗോളുകളുമായി യൂറോപ്പിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയതിന് ‘ഗെർഡ് മുള്ളർ ട്രോഫി’ എർലിംഗ് ഹാലൻഡിന് സ്വന്തം. അന്തരിച്ച അർജന്റീന ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മെസ്സി ട്രോഫി സമർപ്പിച്ചു.
ഈ അവാർഡോടെ, മേജർ ലീഗ് സോക്കറിൽ (MLS) നിന്ന് ഈ അഭിമാനകരമായ അവാർഡ് നേടുന്ന ആദ്യ കളിക്കാരനായി മെസ്സി മാറി. ഇന്റർ മിയാമി ക്ലബ്ബിനെയാണ് മെസ്സി ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. മെസ്സിക്ക് അവാർഡ് സമ്മാനിച്ചത് മറ്റാരുമല്ല, ഇന്റർ മിയാമിയുടെ ഉടമയായ ഇംഗ്ലീഷ് ഫുട്ബോൾ ഐക്കൺ ഡേവിഡ് ബെക്കാമാണ്.
2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസ്സി ബാലൺ ഡി ഓർ നേടിയത്. 2021 ൽ അവസാനമായി അവാർഡ് നേടിയ മെസ്സി, കഴിഞ്ഞ വർഷം ലോക കപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ 36 വർഷത്തിനിടെ അർജന്റീനയെ അവരുടെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അർജന്റീനയെ വിജയത്തിലേക്ക് നയിച്ച് ഏഴ് ഗോളുകൾ നേടി ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്ന പദവി നേടുകയും ചെയ്തു.
തന്റെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മൂന്ന് ബാലൺസ് ഡി ഓർ മുന്നിലാണ് മെസ്സി ഇപ്പോൾ. പതിനാല് തവണ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുകയും അഞ്ച് അവസരങ്ങളില്‍ റണ്ണറപ്പാവകയും ചെയ്തിട്ടുണ്ട്.
ലോകകപ്പ് ജേതാവായ എമിലിയാനോ മാർട്ടിനെസ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ലെവ് യാഷിൻ അവാർഡ് നേടി. സ്‌പെയിനിന്റെ വനിതാ ലോകകപ്പ് ജേതാവും ബാഴ്‌സലോണ മിഡ്ഫീൽഡറുമായ ഐറ്റാന ബോൺമതിയ്ക്കാണ് വനിതാ ബാലൺ ഡി ഓർ.
2009-ൽ തന്റെ ആദ്യ ബാലൺ ഡി ഓർ നേടിയ ശേഷം 2012 വരെ തുടർച്ചയായി നാല് കിരീടങ്ങൾ നേടിയ മെസ്സി, ഓഗസ്റ്റിൽ നടന്ന യുവേഫ അവാർഡുകളിൽ ഹാലാൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു.
ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ് എന്നിവ സിറ്റി നേടിയതോടെ, കഴിഞ്ഞ സീസണിലെ 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടിയ ഇരുപത്തി മൂന്ന് കാരനായ ഹാലൻഡ് തന്റെ ആദ്യ ബാലൺ ഡി ഓറിന്റെ വളരെ അടുത്തായിരുന്നു.