നാളെ കേരളത്തിലെ ഉപയോക്താക്കളുടെ എല്ലാ ഫോണുകളും ഒരേ സമയം ശബ്ദിക്കും. വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല. ഈ മെസേജ് കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ല. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന, അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പാണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ചൊവ്വാഴ്ച പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി. ഫോണിനെക്കൂടാതെ റേഡിയോ,ടെലിവിഷന്‍,സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്. നേരത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ ഈ സംവിധാനം പരിശോധിച്ചിരുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടും. മുന്‍പും ഇത്തരത്തില്‍ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.