മംഗളൂരു: നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജിരെ ഗ്രാമത്തിലെ കൊടേക്കല്ലു സ്വദേശി കൃഷ്ണയ്യ ആചാരി (75) ആണ് മകന്‍ ജഗദീഷ് ആചാരിയെ(31) കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന മകനെ വിളിച്ചുണര്‍ത്തി തന്റെ ചികില്‍സാ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കം രൂക്ഷമായതോടെ മകന്‍ ജഗദീഷിനെ മുറിയില്‍ പൂട്ടിയിട്ട് പുറത്തിറങ്ങി. വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചതോടെ രോഷാകുലനായ കൃഷ്ണയ്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ കത്തി എടുത്തു കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികള്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ജഗദീഷ് ആചാരിയെ ഉജിരെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൃഷ്ണയ്യ ആചാരിയെ ബെല്‍ത്തങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
