നഴ്‌സിങ്ങ് വിദ്യാർത്ഥിനിയുടെ മൃതദേഹം വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയിൽ;പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: നഴ്സിങ് വിദ്യാര്‍ഥിയുടെ മൃതദേഹം വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര ഫാത്തിമ ജങ്ഷന്‍ കുരിശടിക്ക് സമീപം സാന്റോ വിലാസത്തില്‍ (പൊന്നാനിക്കല്‍) മേരിസണ്‍ പരേതയായ മേരിക്കുട്ടി ദമ്പതികളുടെ മകള്‍ സാന്റോ മേരി മേരിസൺ (സൂര്യ-23) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പേരയംചിറ-കുളക്കാല ചിറ റോഡില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.പ്രധാന വഴിയില്‍ നിന്ന് ഒരു വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് ബാഗും തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും കണ്ടെത്തിയിട്ടുണ്ട്. ബാഗ് കണ്ടാണ് സൂര്യയെ തിരിച്ചറിഞ്ഞത്. സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

മറ്റൊരു സിസിടിവി ദൃശ്യത്തില്‍ 12.10ന് സംഭവ സ്ഥലത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു കടയില്‍ നിന്ന് സാന്റോ മേരി തിന്നര്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടണ്ട്. കുണ്ടറ സിഐ രതീഷ്, എസ്‌ഐമാരായ അനീഷ് ബാഹുലേയന്‍, സുരേന്ദ്രന്‍പിള്ള, സെല്‍ഫിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്‌ വൈകിട്ട് നാലുമണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്തെ സ്വകാര്യ നഴ്സിങ് കോളജില്‍ ബിഎസ്‌സി നഴ്സിങ് പഠനത്തിനു ശേഷം പിജി പഠനത്തിന് പ്രവേശനം കിട്ടി അടുത്ത ആഴ്ച ചേരാനിരിക്കയാണ് സൂര്യയുടെ മരണം. തുണി തയ്‌ക്കാന്‍ കൊടുക്കണമെന്ന് പറഞ്ഞാണ് സൂര്യ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടുവയസ്സില്‍ അമ്മ മേരിക്കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സൂര്യ വല്യമ്മയോടൊപ്പമായിരുന്നു താമസം. വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന അച്ഛന്‍ മേരിസണ്‍ ട്രെയിന്‍ യാത്രയ്‌ക്കിടെയുണ്ടായ അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ സെന്ററിലാണ്. സൂര്യയുടെ സംസ്‌കാരം ഇന്ന് മൂന്നിന് പടപ്പക്കട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page