ശക്തി പദ്ധതി തിരിച്ചടിയായത് സ്വകാര്യ ബസ്സുകൾക്ക്;20,000 ബസ്സുകൾ സർവ്വീസ് നിർത്തി;കർണാടകയിൽ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ബാധിച്ചത് സാധാരണക്കാരെയെന്ന് റിപ്പോർട്ട്

ബംഗളൂരു:സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന  കർണാടക സർക്കാരിന്‍റെ ശക്തി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ്സുകൾ വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ.ഏകദേശം  ഇരുപതിനായിരം സ്വകാര്യ ബസ്സുകൾ സംസ്ഥാനത്ത് സർവ്വീസ് നിർത്തിയെന്നാണ് കണക്കുകൾ.ഗ്രാമീണ മേഖലയിലും മറ്റും സർവ്വീസ് നടത്തിയിരുന്ന ബസ്സുകൾ നിരത്തൊഴിഞ്ഞതോടെ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലായി. പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ് നൽകണമെന്ന് ബസ്സുടമകളുടെ ഫെഡറേഷൻ ആവശ്യപ്പെടുന്നു. പ്രതിസന്ധിയിലായ ബസ്സ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്നും സ്വകാര്യ ബസ്സുടകളുടെ സംഘടന സർക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുകയായിരുന്ന ബസ്സ് വ്യവസായമാണ് കർണാടക ആർ.ടി.സി.ബസിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യം ഏർപ്പെടുത്തിയതോടെ യാത്രക്കാരില്ലാത്ത അവസ്ഥയിലെത്തിയത്.  ഏകദേശം 70,000 സ്വകാര്യ ബസ്സുകൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 40 ശതമാനത്തിലും യാത്രക്കാർ ഇല്ലാത്ത സ്ഥിതിയാണുള്ളത്. സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് ജീവിച്ചിരുന്ന എഴുപതിനായിരത്തിലേറെ പേർ ഇതര ജോലികളിലേക്ക് തിരിയേണ്ട സാഹചര്യമാണെന്ന് ബസ്സുടമകൾ പറയുന്നു. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുൾപ്പെടെ സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയതോടെ നവരാത്രി ഉത്സവകാലം പോലും സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ ആയി.സൗജന്യ യാത്ര പദ്ധതി പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതി ഉയരുന്നു. അതേ സമയം സ്വകാര്യ ബസ്സുകളുടെ പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page