തിരുവനന്തപുരം: ഫോൺ കോളുകൾ ഉപയോഗിച്ച് പലതരത്തിൽ സാമ്പത്തികത്തട്ടിപ്പ് വ്യാപകമാകുന്ന വാർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്.നമ്മുക്ക് ഇത്തരം തട്ടിപ്പുകളൊന്നും പറ്റാറില്ലെന്നാണ് ഓരോരുത്തരുടെയും പൊതു ധാരണ.എന്നാൽ സ്പാം കോളുകൾ ആണ് പുതിയതായി തട്ടിപ്പിന് വ്യാപകമായി ഉപയോഗിക്കുന്നത്.ഇതിൽ പലരും വീഴാറുണ്ട് എന്നതാണ് വാസ്തവം. ഓൺലൈനായി ഷോപ്പിംഗ് നടത്തുന്ന വരെയാണ് തട്ടിപ്പു സംഘം പ്രധാനമായും കെണിയിൽ കുടുക്കുന്നത്.എന്തെങ്കിലും സമ്മാനം ലഭിച്ചെന്നും അല്ലെങ്കിൽ ഓഡർ ഡെലിവറി ചെയ്യുന്ന ആളെ വിളിക്കണമെന്നും, അതുമല്ലെങ്കിൽ മറ്റേതെങ്കിലും കാര്യം പറഞ്ഞും .*401*എന്ന നമ്പർ ടൈപ്പ് ചെയ്ത ശേഷം അവർ പറയുന്ന മൊബൈൽ നമ്പറിൽ ഡയൽ ചെയ്യാനുമായിരിക്കും ലഭിക്കുന്ന ഉപദേശം. ഇത്തരത്തിൽ കാൾ ചെയ്യുന്നവരുടെ മൊബൈലിലേക്കു വരുന്ന എല്ലാ ഫോൺ കോളുകളും അവർ പറഞ്ഞ മൊബൈൽ നമ്പറിലേക്കു റീ ഡയറക്ട് ചെയ്യപ്പെടും. അങ്ങനെ കോൾ വഴി നിങ്ങൾക്കു വരുന്ന ഒ.ടി.പി. കോഡ് ആ നമ്പറിൽ ലഭിക്കും. മാത്രമല്ല നിങ്ങൾക്കു വരുന്ന പല പ്രധാന കോളുകളും സ്പാമർ തന്നെ കൈ കാര്യം ചെയ്യും. അതിനാൽ ഇത്തരത്തിൽ വരുന്ന കോളുകൾ ബ്ലോക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ വേണം. ഫോൺ തട്ടിപ്പിൽ നിന്നു രക്ഷപ്പെടാൻ ഇത് മാത്രമാണ് മാർഗ്ഗം. സ്പാം കോളുകൾ അവഗണിക്കുകയും കൃത്യമായി സൂക്ഷിക്കുകയും ചെയ്താൽ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
