ഇന്ന് വിജയദശമി. നവരാത്രി പൂജകൾക്ക് സമാപനം കുറിച്ച് കൊണ്ട് ഹൈന്ദവർ വിജയദശമി ആഘോഷിക്കുന്നു. നവരാത്രിയിൽ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷ്മിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. ഒരോരുത്തരും അവരുടെ ജോലിയുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ച് ദേവീചൈതന്യത്താല്‍ പൂജിച്ച് കര്‍മ്മമേഖലയെ ഐശ്വര്യമ്പന്നമാക്കുന്നു എന്നാണ് വിശ്വാസം. ആയുധപൂജ മഹാനവമിക്കാണ് നടത്തുന്നത്.
വിജയദശമി ദിനത്തിൽ കേരളത്തിൽ വിദ്യാരംഭത്തിനാണ് പ്രാധാന്യം.
കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂര്‍ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചൻ പറമ്ബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്ബില്‍ രാവിലെ 4.30 മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു.
50 ആചാര്യന്മാര്‍ ആണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേര്‍ന്നിട്ടുള്ളത്.