കൽപ്പറ്റ: താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ഗതാഗതക്കുരുക്ക് ശമനമില്ലാതെ തുടരുന്നു. അവധി ദിവസങ്ങളിൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാല്‍ വലിയ തിരക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്.
താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. മാത്രമല്ല, ഇന്നലെ എട്ടാം വളവില്‍ തകരാറിലായ ചരക്കു ലോറികളും ഗതാഗത കുരുക്കിന് ആക്കം കൂട്ടി
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവില്‍ അമിത ഭാരം കയറ്റി വന്ന മള്‍ട്ടി ആക്സില്‍ ലോറി നിന്നുപോയത്. ചെറു വാഹനങ്ങള്‍ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കര്‍ണാടകയുടെ ബസും മറ്റൊരു ലോറിയും വളവില്‍ കുടുങ്ങിയതോടെ വാഹനങ്ങള്‍ മൊത്തത്തില്‍ നിശ്ചലമാകുകയായിരുന്നു.
തുടര്‍ന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രൂപപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക് രാത്രി ഏഴായിട്ടും മുന്നോട്ട് നീങ്ങാനായിരുന്നില്ല. അര മണിക്കൂറില്‍ കഴിയുന്ന ചുരം കയറ്റം ഇപ്പോള്‍ രണ്ടര മണിക്കൂര്‍ വരെയാണ് നീളുന്നത്.18 കിലോമീറ്റർ വരുന്നതാണ് വയനാട് ചുരം.