ഇത്തവണ വധ ശ്രമക്കേസ്; ഇന്‍സ്റ്റഗ്രാം റീല്‍സ് താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ അറസ്റ്റില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് നടപടി. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. നിരവധി കേസില്‍ പ്രതിയായ ‘മീശ വിനീത്’ എന്ന വിനീതിനെ കഴിഞ്ഞ ദിവസമാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 16ന് വിനീത് ഉള്‍പ്പെടെ നാലുപേര്‍ രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് കേസ്. മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നേരത്തെ, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ ഓഗസ്റ്റില്‍ വിനീത് അറസ്റ്റിലായിരുന്നു. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു ഇയാള്‍. അന്ന് കിളിമാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനീത്. പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു. മാര്‍ച്ചില്‍ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page