കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തലിനെ തള്ളി സിപിഎമ്മും ജെഡിഎസ് കേരളഘടകവും. പ്രസ്താവന അല്‍പ്പത്തരവും അസംബന്ധവുമാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ഡിഎ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണെന്നും മന്ത്രി കെ കൃഷ്്ണന്‍ കുട്ടിയും പ്രതികരിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി.എം. ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ വിവാദ പരാമര്‍ശം. അതേസമയം
ദേവെഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപി- പിണറായി അന്തര്‍ധാര മറനീക്കി പുറത്ത് വന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് ബി.ജെ.പിയുമായി അടുപ്പമുണ്ടെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത് ശരിയാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗൗഡയുടെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ആര് പറയുന്നതാണ് സത്യമെങ്കില്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരനും പ്രതികരിച്ചു. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സി.പിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇതോടെ പുറത്തായെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു.
