മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഗർഭിണിയായ യുവതിയെ വ്യാഴാഴ്ച രാവിലെ നദീതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാലുവയസ്സുള്ള മകനോടൊപ്പം രാത്രി ഐസ്‌ക്രീം കഴിക്കാൻ പോയതായിരുന്നു. ബുധനാഴ്ച രാത്രി 9.30 യോടെ ബല്ലാർപൂരിലെ ടീച്ചേഴ്‌സ് കോളനിയിലെ വീട്ടിൽ നിന്ന് സുഷമ കാക്‌ഡെ മകൻ ദുർവൻഷിനൊപ്പം പോയെങ്കിലും ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.ബാങ്ക് ജീവനക്കാരനായ ഭർത്താവ് പവൻകുമാർ കാക്‌ഡെയും മറ്റ് ബന്ധുക്കളും കുറച്ച് സമയം അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, തുടർന്ന് ബല്ലാർപൂർ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. എന്നാൽ രാജുര-ബല്ലാർപൂർ റോഡിലെ വാർധ നദി പാലത്തിന് സമീപം സുഷമയുടെ മൃതദേഹം കണ്ടെത്തിയതായി ചിലർ പവൻകുമാറിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നാലിന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മകന്‍ ദുർവൻഷ് മൃതദേഹത്തിന് സമീപം വിഷമിച്ചു ഇരിക്കുന്നതാണ് കണ്ടത്. ബുധനാഴ്ച രാത്രി നടക്കുന്നതിനിടെ സുഷമ പാലത്തിൽ നിന്ന് ചെളി നിറഞ്ഞ പ്രദേശത്തേക്ക് വീണതായാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. എന്നിരുന്നാലും, മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്താൻ എല്ലാ കോണുകളും പരിശോധിച്ചുവരികയാണ് എന്ന് പോലീസ് അറിയിച്ചു.
