ബാങ്കിലെ കടബാധ്യത പരിഹരിക്കണം; വഴി കണ്ടത് സ്ഥിരമായി ചാണകം ശേഖരിക്കുന്ന വീട്ടിലെ വയോധികയുടെ ആഭരണങ്ങള്‍; മുഖത്ത് അമര്‍ത്തി ബോധം കെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍

ആലപ്പുഴ: പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ മനോജിനെ(52)യാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പശുവിനെ വളര്‍ത്തുന്ന ഇവരുടെ വീട്ടില്‍ നിന്നും കുറച്ചു നാളുകളായി ചാണകം ശേഖരിച്ചിരുന്നത് മനോജ് ആയിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഒന്നര പവന്‍ തൂക്കം വരുന്ന രണ്ട് വളകളും രണ്ട് പവന്റെ മാലയുമാണ് കവര്‍ന്നത്. ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ ഓമന ഏറെ നേരം കഴിഞ്ഞ് നിരങ്ങി വീടിന് പുറത്തെത്തി അയല്‍വാസികളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയത്തെ തുടര്‍ന്ന് മനോജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ആശുപതിയിലേക്ക് കൊണ്ടുപോയി ഓമനയെ നേരില്‍ കാണിച്ച് പ്രതിയെ സ്ഥിരീകരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സി ഐ എം അജയമോഹന്റെ നേത്വത്തില്‍ എസ് ഐമാരായ ടി ടി സെല്‍വരാജ്, ഹരികുമാര്‍ എം ബി, ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേൃത്വത്തിലുള്ള പൊലിസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page