ഹണി ട്രാപ്പ് ആരോപിച്ച് യുവതിയെ ചെരിപ്പ് മാല അണിയിച്ച് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായത് ഹണിട്രാപ്പിന് ഇരയായ ആൾ;മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതം
മംഗളൂരു:കർണാടകയിലെ ബൽഗാവിയിൽ ഹണി ട്രാപ്പിംഗ് ആരോപിച്ച് സ്ത്രീയെ ചെരുപ്പ് മാലയണിയിച്ച് നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അർജുന ഗുണ്ടവ്വഗോൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ ആക്രമിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അർജ്ജുന ഗുണ്ടവ്വോളിനെയാണ് സ്ത്രീ ഹണിട്രാപ്പിൽ പെടുത്തിയത് എന്നാണ് ആരോപണം. ഇയാൾ തന്‍റെ കൂട്ടാളികളോടൊപ്പം ഇവരുടെ വസതിയിൽ അതിക്രമിച്ച് കയറി ചോദ്യം ചെയ്യുകയും പിന്നീട് കൂട്ടാളികൾ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ചെരുപ്പ് മാല അണിയിച്ച് നഗരത്തിലൂടെ നടത്തിച്ചു. ഗോകാക്ക് ടൗണിന് സമീപം ഘടപ്രഭ മൃത്യുഞ്ജയ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ശ്രീദേവിയെന്ന യുവതിയാണ് അതിക്രമത്തിനിരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവർക്കെതിരെ കേസ്സെടുത്തത്. യുവതിക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്റ്റേഷനിൽ സംഘടിച്ചെത്തിയിരുന്നു ഹണിട്രാപ്പ് ആരോപണത്തിൽ യുവതിക്ക് എതിരെയും പൊലീസ് കേസ്സെടുത്തിട്ടുണ്ട്.