വെബ് ഡെസ്ക്:സ്തനാര്‍ബുദ ബോധവത്ക്കരണ മാസമാണ് ഒക്ടോബർ. ആഗോളതലത്തിൽ സ്ത്രീകൾക്കിടയില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാർബുദം. ഈ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും സ്ത്രീകളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നത്. നേരത്തെയുള്ള രോഗ നിര്‍ണയത്തിന് പതിവായുള്ള സ്ക്രീനിംഗ് അല്ലെങ്കിൽ പരിശോധന ആവശ്യമാണ്. ഇതിന് ഏറ്റവും ഫലപ്രദമായ മാർഗം മാമോഗ്രാം ആണ്. സ്തന സ്വയം പരിശോധന, ക്ലിനിക്കൽ ബ്രെസ്റ്റ് പരീക്ഷകൾ, അൾട്രാസൗണ്ട് അല്ലെങ്കിൽ എംആർഐകൾ പോലുള്ള ഇമേജിംഗ് ടെക്നിക്കുകൾ ഇവയെല്ലാമാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍.
ഇത് അതിജീവന നിരക്ക് ഗണ്യമായി കൂട്ടുന്നു.
സ്ത്രീകൾക്ക് പതിവായി മാമോഗ്രാം ചെയ്യാൻ ശുപാർശ ചെയ്യുന്ന പ്രായം എന്നും ചർച്ചാവിഷയമാണ്. മാർഗ്ഗനിർദ്ദേശങ്ങൾ നാല്‍പത് വയസ്സില്‍ നിന്ന് അന്‍പതിലേക്ക് മാറുകയും തിരിച്ച് നാല്‍പതാക്കുകയും ചെയ്തു.
ജീവിതശൈലി, പൊണ്ണത്തടി, മദ്യപാനം, ക്യാൻസറിന്റെ കുടുംബ ചരിത്രം, റേഡിയേഷൻ, പ്രത്യുൽപാദന ചരിത്രം (ആർത്തവം ആരംഭിച്ച പ്രായവും സ്ത്രീ ഗർഭിണിയായ പ്രായവും), പുകയില ഉപയോഗം, ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ തെറാപ്പി എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. പതിവ് സ്ക്രീനിംഗുകളിലൂടെയും അപകടസാധ്യത കൂട്ടുന്ന ഘടകങ്ങൾ മനസ്സിലാക്കുന്നതിലൂടെയും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലൂടെയും, അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള തീരുമാനമെടുക്കാന്‍ സ്ത്രീകൾ പ്രാപ്തരാകുന്നു.
പതിവ് സ്തനാർബുദ പരിശോധനകൾ രോഗം കണ്ടുപിടിക്കുന്നതിൽ വളരെ ഗുണം ചെയ്യുമെങ്കിലും, തെറ്റായ പോസിറ്റീവ് ഫലങ്ങളുടെ സാധ്യതയുമുണ്ട്. തെറ്റായ പോസിറ്റീവുകൾ അനാവശ്യമായ അധിക പരിശോധനകൾ, ബയോപ്സികൾ, ഉത്കണ്ഠ എന്നിവയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ, ഈ ശുപാർശകൾ എല്ലാ വ്യക്തികൾക്കും ബാധകമല്ല. സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം, പ്രത്യേക ജനിതകമാറ്റങ്ങൾ, മുന്‍പ് നെഞ്ചിന് സമീപത്ത് ചെയ്തിട്ടുള്ള റേഡിയേഷൻ ചികിത്സ, ഹോർമോൺ ഘടകങ്ങൾ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ആരംഭദശയിലേ കണ്ടു പിടിച്ചാൽ നൂറു ശതമാനവും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് സ്തനാര്‍ബുദം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന അർബുദം മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം. അതുകൊണ്ട് പ്രായഭേദമന്യേ എല്ലാ സ്ത്രീകളും അവരുടെ സ്തനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.