രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഡോ.വെങ്കിട്ട ഗിരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ വെങ്കിട്ട ഗിരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റുചെയ്തു. വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. നേരത്തെയും കൈക്കൂലി കേസില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. ഹര്‍ണിയ അസുഖത്തിന് ചികിത്സയ്ക്കായി എത്തിയ മധൂര്‍ പട്ള സ്വദേശി പിഎം അബ്ബാസിനോടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് ഇയാള്‍ ഹര്‍ണിയ രോഗത്തിന് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപറേഷന്‍ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. ഓപറേഷന് തീയതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോ. വെങ്കിട്ട ഗിരിയെ കാണാന്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് 26ാം തീയതി വെങ്കിട്ട ഗിരിയെ കണ്ടപ്പോള്‍ ഡിസംബര്‍ മാസത്തില്‍ തീയതി നല്‍കി. തീയതി മുന്നോട്ട് നീക്കി നല്‍കണമെന്ന് രോഗി ആവശ്യപ്പെട്ടതോടെയാണ് 2000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ രോഗി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ഡോക്ടറുടെ വീട്ടിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സ് ഡി.വൈ.എസ്പി വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടുകയായിരുന്നു. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോക്ടറെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്‍ഷന് വിധേയമായിട്ടുള്ള ഡോക്ടര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page