കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അത്രശേരി ജോസ് (65)എന്നയാളാണ് മരിച്ചത്. ജോസിന്‍റെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്.ബസ്റ്റാന്റിന് സമീപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.ഇന്നലെ ആന ഇത് വഴി പോകുന്നതിനിടയില്‍ മുന്നില്‍പെട്ട ജോസിനെ ചവിട്ടിക്കൊന്നതായിട്ടാണ് സൂചന.ഇന്നലെ പകല്‍ മുഴുവന്‍ ഉളിക്കല്‍ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആന സന്ധ്യയോടെ വനത്തിലേക്ക് തിരികെ പോയതായാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.കർണാടക വനത്തിൽ നിന്ന് ഇറങ്ങിയ കൊമ്പൻ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഉളിക്കലിൽ എത്തിയത്.ആനയെകണ്ട് ഭയന്നോടിയ മൂന്ന് പേർക്ക് പരിക്ക് പറ്റിയിരുന്നു.ജോസിന്‍റെ മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോകും.പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങിയതിന്‍റെ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ.
