കാസര്‍കോട്: കടയില്‍ അതിക്രമിച്ചു കയറി യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച നാലുപേര്‍ പൊലിസ് പിടിയിലായി. കാസര്‍കോട്, തളങ്കര സ്വദേശി മുഹമ്മദ് നവാസ്, അണങ്കൂര്‍ സ്വദേശികളായ ഷാനു എന്ന ഷാനവാസ്, ഇയാച്ചു എന്ന മുഹമ്മദ് റിയാസ്, ജംസീര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ കാസര്‍കോട്, ചക്കര ബസാറിലാണ് സംഭവമുണ്ടായത്. മുട്ടത്തൊടി, മിനിസ്റ്റേഡിയത്തിനു സമീപത്തെ ഷംല മന്‍സിലിലെ എ.എം.അബൂബക്കറിന്റെ മകന്‍ സവാദി(25)നെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. കടയില്‍ അതിക്രമിച്ചു കയറിയ സംഘം സവാദിനെ പിടികൂടുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച അബൂബക്കറിനെ തള്ളിയിട്ടു. തുടര്‍ന്ന് സവാദിനെ കാറില്‍ ബലമായി കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടുമ്പോഴേയ്ക്കും സംഘം സ്ഥലം വിട്ടിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് അക്രമികളെ കുറിച്ച് സൂചന ലഭിച്ചതോടെ അണങ്കൂര്‍ ഭാഗത്തേയ്ക്കു കുതിച്ചു. അണങ്കൂരിലെത്തിയപ്പോള്‍ സവാദിനെ മൂന്നു പേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞ് സവാദുമായി ബന്ധം ഉള്ളവരും സ്ഥലത്തെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതോടെ പൊലീസ് അക്രമികളെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഷാനു അടുത്തിടെയാണ് പുറത്തിറങ്ങിയത്. യുവതിക്ക് വാട്സ് ആപ്പില്‍ നിരന്തരം മെസേജ് അയച്ചുവെന്ന് ആരോപിച്ചാണ് സവാദിനെ തട്ടികൊണ്ടുപോയതെന്നു പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തക്ക സമയത്തു തന്നെ ഇടപ്പെട്ടതിനാലാണ് സവാദിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
