കൊച്ചി:വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഇയാൾക്കെതിരെമലയാളത്തിലെ യുവനടി പരാതി നല്‍കി. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടിലെന്നും താരം ആരോപിച്ചു. തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണമെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്ന് നടി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ ശേഷം നടി പൊലീസിന് പരാതി നല്‍കുകയായിരുന്നു. നേരിട്ട ദുരനുഭവം ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
