മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയെ ശരീരഭാഗങ്ങളില്‍ സ്പര്‍ശി ക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് സംഭവം. ശുചീകരണ തൊഴിലാളിയായ രോഹിദാസ് സോളങ്കി(44) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാരുമായി വഴക്കിട്ട് ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയോടാണ് തൂപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഐസിയുവില്‍ ക്ലീനിംഗിനെത്തിയ സോളങ്കി മുറിയിലുണ്ടായിരുന്ന ഡയപ്പറും മറ്റും പുറത്തെ ഡസ്റ്റ് ബിന്നിലേക്ക് കളയാൻ കുട്ടിയുടെ ബന്ധുവിനെ പുറത്തേക്ക് പറഞ്ഞയച്ചു. ബെഡ്ഡിലെ വിരിപ്പ് മാറ്റുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു. അവശ നിലയിലായ കുട്ടിക്ക് ചറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. പുറത്ത് പോയ ബന്ധു തിരികെയെത്തിയപ്പോളാണ് വിവരം അറിഞ്ഞത്. ശുചീകരണ തൊഴിലാളി തന്നെ കടന്ന് പിടിച്ച് ചുംബിച്ചെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
