കോഴിക്കോട്: ബൈക്കിലിടിച്ച് യുവാവിൻ്റെ മരണത്തിനിടയാക്കിയ ജെ.സി.ബി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ ആറു പേരിൽ അഞ്ചു പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു .മുക്കം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ ജെസിബി കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ട് വന്ന് ഇടുകയായിരുന്നു. അപകടത്തിനിടയാക്കിയ ജെ സി ബി ക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല.കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെയിരുന്നു ജെസി ബി ബൈക്കിലിടിച്ച് യുവാവ് മരിച്ചത്. ബൈക്ക് യാത്രക്കാരനായ തോട്ടുമുക്കം സ്വദേശി സുധീഷായിരുന്നു മരിച്ചത്. ജെസിബി മാറ്റിയശേഷം ഇൻഷുറൻസ് ഉള്ള മറ്റൊരു ജെസിബി സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാറിൻറെ നമ്പർ ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവമ്പാടി പുന്നക്കലിൽ വെച്ച് ജെ.സി.ബി ഉടമയുടെ ബന്ധുവീട്ടിൽ നിന്നും മുക്കം പൊലീസ് ജെസിബി കണ്ടെടുക്കുകയും കേസിലെ പ്രതികളായ ജെസിബിയുടെ ഉടമയുടെ മകൻ ഉൾപ്പെടെയുള്ള അഞ്ചു പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത് .
