കാസര്‍കോട്: ഈയാഴ്ച ദ്വൈവാരിക പ്രസാധകനും പഴയകാല പ്രവാസിയുമായ പി.എ അഹമദ് താജ് (90) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ തളങ്കര പള്ളിക്കാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസര്‍കോട്ട് വിദ്യഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ രംഗത്തെ മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഉബൈദ് മാഷിന്റെ രചനകള്‍ പകര്‍ത്തിയെഴുതിയിരുന്നത് താജ് അഹമ്മദായിരുന്നു. കര്‍ണാടകയിലെ ഭദ്രാവതിയില്‍ കരാറുകാരനായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് എഴുത്തിനോടുള്ള താല്‍പര്യം കാരണം നാട്ടില്‍ തിരിച്ചെത്തി തായലങ്ങാടിയില്‍ താജ് ബുക്ക് ഹൗസ് എന്ന പേരില്‍ പുസ്തക-സ്റ്റേഷനറി കട ആരംഭിച്ചു. 1965 മുതല്‍ അഞ്ച് വര്‍ഷത്തോളം ദുബായിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഈയാഴ്ച ദ്വൈവാരിക പുറത്തിറക്കി. വാരികയുടെ പ്രിന്ററും പബ്ലിഷറും താജ് അഹമദായിരുന്നു. തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര്‍ അബ്ദുല്‍ഖാദറിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: പരേതനായ അമീന്‍, സമീറ, ഫൈസല്‍, ലുബ്ന. മരുമക്കള്‍: അഷ്റഫ് കളനാട്, നസീര്‍ ആരിക്കാടി, സൗബാന, സജ്ന. സഹോദരങ്ങള്‍: ഡോ. വി.എം മഹമൂദ്, പരേതരായ മറിയുമ്മ, മൊയ്തു, സുലൈമാന്‍, ഉമ്പി, അസ്മ. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ സഹോദര പുത്രനാണ്. ഖബറടക്കം ളുഹര്‍ നിസ്‌കാരത്തിന് ശേഷം തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.