കാസര്‍കോട്: മദ്യത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് അഡൂരില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. അഡൂര്‍, ബെള്ളുച്ചേരി സ്വദേശി ചാണ(40), എടപ്പറമ്പ് സ്വദേശി ഗിരീഷ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരസ്പരം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യം വാങ്ങാത്തതിന്റെ പേരില്‍ തന്നെ തടഞ്ഞു നിര്‍ത്തി കഠാര കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചുവെന്നാണ് ചാണയുടെ പരാതി. അതേസമയം പുല്ലരിയുകയായിരുന്ന തന്നെ ചാണ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ഗിരീഷ് മൊഴി നല്‍കി. ഗിരീഷിന്റെ പരാതിയില്‍ ചാണയ്ക്കെതിരെ ആദൂര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. ചാണയുടെ പരാതിയില്‍ ഗിരീഷിനെതിരെയും കേസെടുത്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
