ന്യൂഡൽഹി: ഡല്‍ഹി ഐഐടിയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റില്‍.ഡല്‍ഹി ഭാരതി കോളജിലെ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണു നടപടി.ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഐഐടിയിലെത്തിയ 10 വിദ്യാര്‍ഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി.
പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചു. തുടര്‍ന്നാണ് കിഷന്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‌തെന്നും ഐപിസി 354സി വകുപ്പു പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു. അതേസമയം, വിദ്യാര്‍ഥികള്‍ക്കു നേരിട്ട ദുരനുഭവത്തില്‍ ഐഐടി ഖേദം പ്രകടിപ്പിച്ചു. വിവരം അറിഞ്ഞയുടന്‍ പൊലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണ് പ്രതി.വിവരം അറിഞ്ഞ ഉടനെ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും ഐഐടി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്







