മാതാവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് അശ്ലീല സംഭാഷണം; സഹികെട്ട് ഉറവിടം തേടിയെത്തിയ മകൻ കണ്ടത്
കാസര്‍കോട്: മാതാവിന്‍റെ ഫോണിലേക്ക് നിരന്തരം വരുന്ന കോളിന്‍റെ ഉറവിടം തേടി മലപ്പുറത്ത് നിന്നുള്ള യുവാവ് എത്തിയത് നീലേശ്വരത്തെ ബസ്സ് സ്റ്റാൻഡിലുള്ള കക്കൂസ് മുറിയിൽ. പ്രവാസിയായ യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഈ സമയത്താണ് മാതാവിന്റെ ഫോണിലേയ്‌ക്ക് നിരന്തരം കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചപ്പോള്‍ ഓരോ നമ്പറും വ്യത്യസ്‌തം. വിളിക്കുന്നവരെല്ലാം അശ്ലീലഭാഷയില്‍ ആണ് സംസാരിക്കുന്നത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഒരു തവണ ഫോണ്‍ മകന്‍ വാങ്ങി എവിടെ നിന്നാണ് നമ്പര്‍ കിട്ടിയതെന്നു ചോദിച്ചു. നീലേശ്വരം ബസ്‌സ്റ്റാന്റിലെ കക്കൂസ് മുറിയുടെ ചുമരില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്നായിരുന്നു മറുപടി. അങ്ങിനെ സംഗതിയുടെ നിജസ്ഥിതി തേടിയാണ് യുവാവ് നീലേശ്വരത്ത് എത്തിയത്. രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് വിവരം പൊലീസിനെ അറിയിച്ചു. പരാതി കേട്ട പൊലീസ് ഒന്നമ്പരന്നു. ഈ പരാതി പറയാനാണോ ഇത്രയും ദൂരം സഞ്ചരിച്ചതെന്നു പൊലീസ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് ഗള്‍ഫിലേയ്‌ക്ക് തിരികെ പോകേണ്ടതുണ്ടെന്നും നാട്ടിലേയ്‌ക്ക് രാത്രി 10 മണിക്കുള്ള ബസില്‍ മടങ്ങേണ്ടതുണ്ടെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് യുവാവിനെയും കൂട്ടി ബസ്‌സ്റ്റാന്റിലെത്തി. കക്കൂസ് മുറി പൂട്ടിയ നിലയിലായിരുന്നു. തമിഴ്‌നാട്ടുകാരിയാണ് കക്കൂസിന്റെ ചുമതലക്കാരി. അവരെ കണ്ടെത്തി താക്കോല്‍ സംഘടിപ്പിച്ചു. എന്നാല്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ കഴിഞ്ഞില്ല. പൂട്ടില്‍ കല്ലുകൊണ്ട് ഇടിച്ചതുകൊണ്ടാണ് തുറക്കാത്തതെന്നു പൊലീസിനു മനസ്സിലായി. താനാണ് നേരത്തെ കല്ലുകൊണ്ട് ഇടിച്ചതെന്നു യുവാവ് വ്യക്തമാക്കി. അതു ഫലിക്കാതെ വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് പൂട്ടു പൊളിച്ചാണ് അകത്ത് കടന്നത് ചുമരില്‍ കണ്ട നമ്പറും യുവാവ് നല്‍കിയ നമ്പറും ഒന്നുതന്നെയാണെന്നു പൊലീസ് ഉറപ്പാക്കി. അതിനു സമീപത്തു എഴുതിവച്ച സാഹിത്യം കണ്ട് പൊലീസുകാരും ഞെട്ടി. ഇതു കണ്ട യുവാവ് സാന്റ് പേപ്പറുമായി വന്ന് ചുമരിലെ നമ്പറും മറ്റെഴുത്തുകളും മായ്‌ച്ചുകളഞ്ഞു.ഇതിന് ശേഷം പൊലീസ് തന്നെ യുവാവിനെ ബസ്സ് കയറ്റി വിട്ടു.അശ്ലീല സാഹിത്യം കക്കൂസിലും ട്രെയിനിലും എഴുതി ഏതെങ്കിലും നമ്പറും ഇട്ട് കടന്നുകളയുന്ന സാമൂഹ്യ വിരുദ്ധർ മനസിലാക്കേണ്ടതുണ്ട് ഇതു കാരണം സ്വൈര്യജീവിതം നഷ്ടപ്പെടുന്ന നിരവധി സാധാരണക്കാർ ചുറ്റുമുണ്ടെന്ന്.