കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി 32 കാരിയെ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ നടനും ടെലിവിഷന്‍ താരവുമായ എറണാകുളം സ്വദേശി ഷിയാസ് കരിമിനെ(34) ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടേ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമായി. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു അഭിമുഖത്തിനിടയില്‍ പറയുന്ന കാര്യങ്ങളാണ് റീല്‍ ആയി ഷിയാസ് കരീം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.കഴിഞ്ഞ ദിവസമണ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ പിടികൂടിയത്. അതേ സമയം ഷിയാസ് കരീമിനു കഴിഞ്ഞ ദിവസം ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിക്കുകയും പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി പ്രകാരം പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കി കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32 കാരിയും ഷിയാസിന്റെ ജിംനേഷ്യം സ്ഥാപനത്തിലെ പരിശീലകയുമായ യുവതിയാണ് കേസിലെ പരാതിക്കാരി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള വിവിധ കാലങ്ങളില്‍ എറണാകുളം, കടവന്ത്ര, മൂന്നാര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ വച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണി ആയപ്പോള്‍ രണ്ടുതവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കേസ്. സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് പണം തട്ടിയതെന്നും യുവതി മൊഴിനല്‍കിയിരുന്നു.
