സിനിമാ സംവിധായകനെന്ന വ്യാജേന മുറിയെടുത്തു; മുറി കണ്ട പൊലീസ് ഒന്നു ഞെട്ടി, പിന്നാലെ അറസ്റ്റ്
കാസര്‍കോട്: സിനിമാ സംവിധായകനും ക്യാമറാമാനുമാണെന്ന വ്യാജേന കുമ്പളയില്‍ മുറിയെടുത്ത യുവാവ് പിടിയില്‍. കോട്ടയം സ്വദേശി ആന്റോ ജോസഫി(27)നെയാണ് പൊലീസ് പിടികൂടിയത്. മുറിയില്‍ ചെറിയ അളവിലുള്ള കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന ജോസഫിനെ പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കുമ്പള സിഎച്ച്സി റോഡിലെ വാടക മുറിയില്‍ വച്ചാണ് എസ് ഐ ഗണേശനും സംഘവും പിടികൂടിയത്. ഒരു മാസം മുമ്പാണ് ഇയാള്‍ കുമ്പളയില്‍ എത്തിയത്. സിനിമാ സംവിധായകന്‍ ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നിരീക്ഷിച്ചു വരികയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.