ഹാങ്ചൗ:ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ. 100 മെഡലുകൾ എന്ന ചരിത്ര നേട്ടത്തിനരികെയാണ് രാജ്യം.ഹോക്കിയിൽ ജപ്പാനെ പരാജയപ്പെടുത്തി സ്വർണ്ണം നേടിയതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 95 ആയി. 22 സ്വർണ്ണം 34 വെള്ളി, 39 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നില. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് ഒന്നാമത്.ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തോടെ ഇന്ത്യൻ ഹോക്കി ടീം പാരീസ് ഒളിംമ്പിക്സിന് യോഗ്യത നേടി.ഒന്നിനെതിരെ അഞ്ച് ഗോളിന് ആധികാരികമായി ആയിരുന്നു ഹോക്കി ടീം ജപ്പാനെ ഫൈനലിൽ പരാജയപ്പെടുത്തിയത്.മലയാളി താരം ശ്രീജേഷും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.ഏഷ്യൻ ഗെയിംസ് അവസാനിക്കാൻ 3 ദിവസം ശേഷിക്കെ നിരവധി മത്സരങ്ങളുടെ ഫൈനലിൽ ഇന്ത്യ എത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ 100 മെഡൽ എന്ന സ്വപ്നനേട്ടം ഇക്കുറി ഉണ്ടാകുമെന്ന് ഉറപ്പാണ്.പുരുഷന്മാരുടെ അമ്പെയ്ത്തിൽ ടീം ഇനത്തിൽ ഇന്ത്യ ഇന്ന് വെള്ളി നേടിയിരുന്നു.കബഡിയിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ എത്തിയിട്ടുണ്ട്.