മുംബൈ: മുംബൈയിലെ ഗോരേഗാവിലെ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് കുട്ടികളും, മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.ഗോരേഗാവിലെ എംജി റോഡിൽ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബിൽഡിംഗിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം. നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അഗ്നിക്കിരയായി. കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഏകദേശം നാല് മണിക്കൂറിന് ശേഷം 6.54 ഓടെയാണ് തീ അണച്ചത്.അഗ്നിശമന സേന സ്ഥലത്തെത്തിയ ഉടൻ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കി. പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന തുണിക്ക് തീപിടിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മുംബൈ മുന്‍സിപ്പല്‍ കോർപ്പറേഷനുമായും മുംബൈ പോലീസുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
