കാസർകോട്: കുമ്പളയിലെ അബ്‌ദുല്‍ റഷീദ്(38)നെ തലയ്‌ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. റിമാന്റില്‍ കഴിയുന്ന അഭിലാഷ് എന്ന ഹബീബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന. ഞായറാഴ്‌ച രാത്രിയിലാണ് മാവിനക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സമൂസ റഷീദിനെ കുണ്ടങ്കേരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിനു പിന്‍ഭാഗത്തെ ഗ്രൗണ്ടില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയത്. ഷാനുകൊലക്കേസ് പ്രതിയായിരുന്നു അബ്ദുൾ റഷീദ്.കുമ്പള ഇന്‍സ്‌പെക്‌ടര്‍ ഇ.അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയായ അഭിലാഷ് എന്ന ഹബീബിനെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ പിന്നില്‍ ചില സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് സൂചന.കൊലനടന്ന ദിവസം ഉച്ച മുതല്‍ സമൂസ റഷീദും ഹബീബും നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഈ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥന്‍ ആരാണെന്നു വ്യക്തമായിട്ടില്ല. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി വച്ചതിലും ദൂരൂഹതയുണ്ട്. ആസൂത്രിതമായിട്ടാണോ കൊല നടത്തിയെന്നതിലും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. ഹബീബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍