കാസർഗോഡ് : ശാരീരികാവസ്ഥ പരിഗണിക്കാതെ കുട്ടികളെ കായിക പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് സ്കൂൾ പ്രധാന അദ്ധ്യാപകനോ പി. ടി. അദ്ധ്യാപകനോ നിർബന്ധിക്കാൻ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടി പി. ടി. പീരീഡിൽ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയിൽ ഇരുന്നതിന് അദ്ധ്യാപകൻ ശാസിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശം സ്കൂൾ അധികൃതർക്ക് നൽകണമെന്നും കമ്മീഷൻ കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർറോട് ആവശ്യപ്പെട്ടു.
ചന്ദ്രഗിരി സർക്കാർ ഹയർസെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനെതിരെ ഉയർന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് കമ്മിഷൻ ഉത്തരവ്. ഒരു വിദ്യാർത്ഥിനിയുടെ പിതാവ് സമർപ്പിച്ച പരാതിയിലാണ് നടപടി.പി.പി പീരിയഡ് പുറത്ത് പോകാതെ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാസിച്ചതെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ മാസമുറ വിവരം അദ്ധ്യാപികയോ കൗൺസിലർ വഴിയോ ധരിപ്പിച്ചിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.തക്കതായ ഒരു കാരണമില്ലാതെ അദ്ധ്യാപകനെതിരെ പരാതി നൽകാൻ ഒരു രക്ഷകർത്താവ് തയ്യാറാകില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മറ്റൊരു കുട്ടിക്ക് ഇത്തരം ഒരു അവസ്ഥ വരാതിരിക്കാനാണ് രക്ഷകർത്താവ് പരാതി നൽകിയത്. തന്റെ ശാരീരികാവസ്ഥ അദ്ധ്യാപകനോട് തുറന്നു പറയാൻ വിദ്യാർത്ഥിനിക്ക് വൈമുഖ്യമുണ്ടാകും. കുട്ടിയെ ശാസിക്കുന്നതിന് മുമ്പ് അദ്ധ്യാപകൻ കാരണം തിരക്കണമായിരുന്നു. കുട്ടിയുടെ സുരക്ഷയെ കരുതിയാണ് ക്ലാസിൽ തനിച്ചിരിക്കുന്നത് ഒഴിവാക്കിയതെന്ന അദ്ധ്യാപകന്റെ വാദം യുക്തിക്ക് നിരക്കുന്നതല്ല. അങ്ങനെയെങ്കിൽ അദ്ധ്യാപകരുടെ മുറിക്ക് സമീപമാണ് കുട്ടികളെ ഇരുത്തേണ്ടത്. മൈതാനത്തേക്ക് പോകാത്തതിന് അദ്ധ്യാപകൻ തെറി വിളിച്ചെങ്കിൽ അത് അദ്ധ്യാപക സമൂഹത്തിന് നാണക്കേടാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.