വീടുകളില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍
മംഗളൂരു: വീടുകളില്‍ മോഷണം നടത്തുന്ന രണ്ടുപേരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൊക്കപട്ടണ സ്വദേശി തൗസിഫ് അഹമ്മദ് (34), കസ്ബ ബെംഗ്രെ സ്വദേശി മുഹമ്മദ് ഫറാസ് (27) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷന്‍ പിഎസ്ഐ ഗുരപ്പകാന്തിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പനമ്പൂര്‍ കുതിരേമുഖ് ജംഗ്ഷന്‍ കെഐഒസിഎല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ആദ്യം ജനുവരിയില്‍ അഡൂരിലെ സദാശിവ പൂജാരിയുടെ വീട്ടിലും 2021 മാര്‍ച്ച് 26 ന് ബഡഗുലിപ്പാടിയിലെ സദാശിവ സാവന്തിന്റെ വീട്ടിലും പ്രതികള്‍ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു. ഇരു വീടുകളില്‍ നിന്നും ഇവര്‍ മോഷ്ടിച്ച 75 ഗ്രാം തൂക്കം വരുന്ന നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച 50,000 രൂപ വിലവരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു പ്രതികള്‍ക്കെതിരെ മംഗളൂരു സിറ്റി, പനമ്പൂര്‍, മംഗളൂരു നോര്‍ത്ത്, മംഗളൂരു സൗത്ത്, ബണ്ട്വാള്‍ ടൗണ്‍, ഉഡുപ്പി സിറ്റി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.