തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിലായി. ആറ്റിങ്ങൽ കാപ്പില്‍ എച്ച്‌എസിനു സമീപം ഹരിദാസ് ഭവനില്‍ ഷിബു (47)വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.സെപ്റ്റംബര്‍ 28ന് രാത്രി 12.30 യോടെയാണ് സംഭവം. മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ പ്രതി കട്ടിലില്‍നിന്നും നിലത്തേയ്ക്ക് വലിച്ചിട്ട ശേഷം ബഡിനടിയിൽ വച്ചിരുന്ന കത്തിയുപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബീനയുടെ നിലവിളി കേട്ടു മുറിയിലേയ്ക്ക് ഓടിയെത്തിയ മൂത്തമകള്‍ ബലപ്രയോഗത്തിനൊടുവില്‍ ഷിബുവില്‍നിന്ന് കത്തി പിടിച്ചുവാങ്ങി എറിഞ്ഞു കളഞ്ഞു. ബഹളം കേട്ടുണര്‍ന്ന ഇളയമകളെകൂട്ടി മൂത്തമകള്‍ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോള്‍ ഷിബു മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടുകയായിരുന്നു. ശേഷം വീണ്ടും ബീനയെ ക്രൂരമായി മര്‍ദിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന കത്രികയെടുത്തായിരുന്നു പിന്നീടാക്രമണം. മുതുകിലും നെഞ്ചിലും തോളിലുമായി ബീനയ്ക്ക് ശരീരത്തില്‍ ഏഴോളം ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റു. മക്കള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടികൂടിയ സമീപവാസികളായിരുന്നു പോലീസില്‍ വിവരം അറിയിച്ചത്.പോലീസെത്തിയ ശേഷമാണ് ഷിബു മുറി തുറക്കാൻ തയ്യാറായത്. പരിക്കേറ്റ ബീന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഷിബുവിന്‍റെ ദേഹത്തും പരിക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കി പ്രൊട്ടക്ഷൻ ഓര്‍ഡര്‍ കാരസ്ഥമാക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാൻ കാരണമെന്ന് ഷിബു പോലീസിന് മൊഴി നല്‍കി. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
