കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ നീലേശ്വരത്ത് അറസ്റ്റിലായി. കാസര്‍കോട് ചെട്ടംകുഴി സ്വദേശികളായ മുഹമ്മദ് അസുറുദ്ദീന്‍ (27), നാസിം (29) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പ്രേംസദനും സംഘവും അറസ്റ്റു ചെയ്തത്. കാറില്‍ 26,865 പാക്കറ്റ് നിരോധിത പാന്‍മസാലകളാണ് സൂക്ഷിച്ചത്. ദേശീയപാതയിലെ വാഹന പരിശോധനക്കിടേയാണ് ഇവര്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വാഹന പരിശോധന നടത്തവെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊലീസ് കൈ നീട്ടിയിട്ടും നിര്‍ത്താതേ പോയ കാറിനെ പിന്തുടര്‍ന്ന് പള്ളിക്കര കറുത്ത ഗേറ്റിന് സമയം വച്ചാണ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനു പുറമെ എസ് ഐ മാരായ മധുസൂധനന്‍, എഎം രഞ്ജിത്ത്കുമാര്‍, കുമാര്‍, സി.പി.ഒ മാരായ പി.കെ ബിജു, പി.കെ ആനന്ദ കൃഷ്ണന്‍, പ്രദീപന്‍ കോതോളി, ഒ.വി.ഷജില്‍ കുമാര്‍, കുഞ്ഞികൃഷ്ന്‍ എന്നിവരാണ് പാന്‍ മസാല പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നിരവധി പേരാണ് കുടുങ്ങിയത്.
