കാസര്‍കോട്: തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയില്‍ സി.രജനി (34) കൊല്ലപ്പെട്ട കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശി പൈനിവീട് പി.സതീശനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം തടവ് അധികം അനുഭവിക്കണം. രണ്ടാം പ്രതി വടകര ചോളംവയല്‍ ഗ്രേസ് ഭവന്‍ ബനഡിക്ട് ജോണ്‍ എന്ന ബെന്നി(59)ക്ക് തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനഭവിക്കണം. കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (1) ജഡ്ജി എ.മനോജാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. രജനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി ഉത്തരവ് നല്‍കി. രണ്ടാം പ്രതിയുടെ ഭാര്യയായ ഷെരിന്‍ മേരിയും കേസില്‍ സാക്ഷിയായിരുന്നു. പ്രതിക്കെതിരെയുള്ള ഇവരുടെ നിലപാട് കോടതി എടുത്തുപറഞ്ഞു. മൊബൈല്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 2014 ഡിസംബര്‍ 23നാണു നാനൂറോളം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു. 92 രേഖകള്‍ തെളിവുകളായി നല്‍കി. അന്നു ജില്ലാ പൊലീസ് മേധാവിയായിരുന്ന തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു.
2014 സെപ്തംബര്‍ 12 നാണ് രജനി കൊല ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട രജനി ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ഹോം നഴ്സായിരുന്നു. സതീഷും രജനിയും അടുപ്പത്തിലായതിനെ തുടര്‍ന്ന് ഇരുവരും ചെറുവത്തൂരിലെ ക്വാട്ടേഴ്സിലായിരുന്നു താമസം. ഭാര്യയുമായുള്ള ബന്ധം നിയമപരമായി പൂര്‍ണമായും വേര്‍പ്പെടുത്തി തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു രജനിയുടെ ആവശ്യം. എന്നാല്‍ ഇതിനുതയ്യാറാകാത്ത സതീഷ് രജനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് ബെന്നിയുടെ സഹായേത്തോടെ കുഴിച്ചുമൂടുകയുമായിരുന്നു. അന്നു നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന യു.പ്രേമന്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ലോഹിദാക്ഷന്‍, മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ എന്നിവര്‍ ഹാജരായി.
