ഹോം നഴ്‌സ് രജനിയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; പ്രതികള്‍ക്ക് കൊലക്കയറോ? വിധി ഇന്നുച്ചയ്ക്ക് അറിയാം
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയില്‍ സി.രജനി (34) കൊല്ലപ്പെട്ട കേസില്‍ പ്രതികക്കുള്ള ശിക്ഷ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (1) ജഡ്ജി എ.മനോജ് ഉച്ചയ്ക്ക് ശേഷം വിധിക്കും. നീലേശ്വരം കണിച്ചിറ പൈനിവീട് പി.സതീശന്‍ (48), വടകര ചോളംവയല്‍ ഗ്രേസ് ഭവന്‍ ബനഡിക്ട് ജോണ്‍ എന്ന ബെന്നി (59) എന്നിവരാണു പ്രതികള്‍. ഇരുവരും കുറ്റക്കാരെന്നു വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ തന്നെ പരിഗണിച്ച കേസ് വിധി പറയുന്നത് ഉച്ചയ്‌ക്കേക്ക് മാറ്റി. 2014 സെപ്തംബര്‍ 12നാണ് രജനി കൊല ചെയ്യപ്പെട്ടത്.
കൊല്ലപ്പെട്ട രജനി ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ഹോം നഴ്സായിരുന്നു. സതീഷും രജനിയും അടുപ്പത്തിലായതിനെ തുടര്‍ന്ന് ഇരുവരും ചെറുവത്തൂരിലെ ക്വാട്ടേഴ്സിലായിരുന്നു താമസം. ഭാര്യയുമായുള്ള ബന്ധം നിയമപരമായി പൂര്‍ണമായും വേര്‍പ്പെടുത്തി തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു രജനിയുടെ ആവശ്യം. എന്നാല്‍ ഇതിനുതയ്യാറാകാത്ത സതീഷ് രജനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് ബെന്നിയുടെ സഹായേത്തോടെ കുഴിച്ചുമൂടുകയുമായിരുന്നു.
അന്നു നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന യു.പ്രേമന്‍ രജനിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണം വഴിത്തിരിവായി. 2014 ഡിസംബര്‍ 23നാണു നാനൂറോളം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു. 92 രേഖകള്‍ തെളിവുകളായി നല്‍കി.
അന്നു ജില്ലാ പൊലീസ് മേധാവിയായിരുന്ന തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.