കാസര്‍കോട്: കാസര്‍കോട് ഡി.സി.സി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കെ.പി.സി.സി അംഗം കരിമ്പില്‍ കൃഷ്ണനെതിരെ യൂത്തുകേണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് രംഗത്തെത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അപമാനിക്കാന്‍ ശ്രമിച്ച കരിമ്പില്‍ കൃഷ്ണനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നും എം.പിയെ ഇനിയും അപമാനിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും നോയല്‍ ഫേസ് ബുക്കിലൂടെ മുന്നറിയിപ്പുനല്‍കി. പതിനാലര വര്‍ഷം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും 10 വര്‍ഷം ഡി.സിസി ജനറല്‍ സെക്രട്ടറിയായും 13 കൊല്ലമായി കെ.പി.സി.സി അംഗമായിട്ടും സ്വന്തം പഞ്ചായത്തില്‍ ഒരു മെമ്പറെ ജയിപ്പിക്കാന്‍ കഴിയാത്ത കരിമ്പില്‍ കൃഷ്ണന്‍ ഇന്ന് സി.പി.എം ഏജന്റ് ആയി മാറിയിരിക്കുന്നു. ചീമേനി കൊലപാതക കേസിന്റെ പേരില്‍ ആളുകളിച്ച് നടക്കുന്ന ഇയാള്‍ 52 പ്രതികളുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് ഇയാളും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണെന്നും നോയല്‍ ആരോപിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താനെയും ബാലകൃഷ്ണന്‍ പെരിയയെയും, ടിവി സുരേഷിനെയും, തോല്‍പ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘമാണ് ഇയാളുടെ പിന്നില്‍. പാര്‍ട്ടിയെക്കൊണ്ട് മാത്രം ജീവിക്കുന്ന ഇയാള്‍ ഒറ്റുകാരന്റെ വേഷം കെട്ടുമ്പോള്‍ ജില്ലയിലെ രക്തസാക്ഷികളുടെ ആത്മാക്കള്‍ തന്നോട് പൊറുക്കില്ലെന്നും നോയല്‍ കുറിച്ചു. ചീമേനിയിലെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായ എ ജയരാമന്റെ പേര് നീക്കി ടി.പി ധനേഷ് കുമാറിന്റെ പേര് പരിഗണിച്ചതാണ് കരിമ്പിലിനെ പ്രകോപിപ്പിച്ചത്. ജയരാമനെ ഒഴിവാക്കാന്‍ എം.പി ഇടപെട്ടുവെന്നാണ് കരിമ്പിലിന്റെ ആരോപണം. ഡി.സി.സി പ്രസിഡന്റിനെതിരെയും എം.പിക്കുമെതിരെയാണ് പ്രധാനമായും ചാനലുകള്‍ക്ക് മുന്നില്‍ ആരോപണമുന്നയിച്ചത്. അതേസമയം എംപിക്കെതിരെയും പാര്‍ടിക്കെതിരെയും പരസ്യപ്രസ്താവന നടത്തിയ കരിമ്പിലിനെതിരെ അച്ചടക്ക ലംഘന നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.പി.സിസി പ്രസിഡന്റ്ിന് കത്തു നല്‍കിയിട്ടുണ്ട്.