ചരിത്രം കുറിച്ച് രാജ്യം; വനിതാ സംവരണ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു;സാങ്കേതിക തടസ്സം ഉയർത്തി പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ‍ഡൽഹി: വനിതാ സംവരണ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു.  നിയമമന്ത്രി അർജുൻ റാം മേഹ്വാളാണ് ബിൽ അവതരിപ്പിച്ചത്.128 ആം ഭരണഘടനാ ഭേദഗതിയായി ആണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ  വനിതാ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ടത്. സ്പീക്കര്‍ ഓം ബിര്‍ല ലോക് സഭാ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെന്‍റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിച്ചു. ഇത് ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രികൂട്ടിച്ചേർത്തു. വനിത സംവരണ ബിൽ നാളെ ലോക്സഭയിൽ ചർച്ച നടത്തി പാസ്സാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പഴയ പാര്‍ലമെന്‍റ് മന്ദിരം ഇനി മുതൽ ഭരണഘടനാ മന്ദിരം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  ബില്ലിൽ പിന്നോക്ക, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി.  33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു. അതേ സമയം ബില്ലിൽ സാങ്കേതിക തടസ്സം ഉണ്ടെന്ന ആരോപണവുമായി മറ്റ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മുൻപ് പാസാക്കിയ ബിൽ നിലനിൽക്കുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. എന്നാൽ പഴയ ബിൽ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS