കാസര്‍കോട്: വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന് വന്‍ തുക കമ്മീഷന്‍ വാഗ്ദാനം ചെയ്ത കമ്പനി കാസര്‍കോട് സ്വദേശിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എണ്ണപ്പാറ കുറ്റിയടുക്കം സ്വദേശി തോട്ടത്തില്‍ വീട്ടില്‍ ടി.കെ. ധനേഷ് കുമാറാണ് തട്ടിപ്പിനിരയായത്. യുവാവില്‍ നിന്നും പലതവണയായി 1,41,522 രൂപ തട്ടിയെടുക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ആമസോണിന്റെ പേരില്‍ കണ്ട പരസ്യപ്രകാരം കഴിഞ്ഞ ജുലൈ 29 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പണം അയച്ചത്. കമ്പനി പറയുന്ന ടാസ്‌ക് പൂര്‍ത്തികരിച്ചാല്‍ കമ്മീഷന്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് രണ്ട് തവണയായി 1564 രൂപയും കമ്മീഷന്‍ ലഭിച്ചിരുന്നു. പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ലെന്ന് ധനേഷ് പറയുന്നു. ഇതോടെയാണ് യുവാവ് പൊലിസിനെ സമീപിച്ചത്. ധനേഷിന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.