വില്ലനായി ലോൺ ആപ്പ് വീണ്ടും; വയനാട്ടിൽ കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു;നിരന്തര ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു.  അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറഞ്ഞു. മെസേജ് വന്ന  അജ്ഞാത നമ്പറിലേക്ക്  അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചതായും സുഹൃത്തക്കൾ പറഞ്ഞു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു.  ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരൻ ജയരാജ് പറഞ്ഞു. ബന്ധുക്കൾക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. ആത്മഹത്യാ പ്രേരണ, ഭീഷണി , ഐടി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. സൈബർ സെല്ലിന്‍റെ പ്രാഥമിക പരിശോധനയിൽ ഭീഷണി സ്ഥിരീകരിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും ആത്മഹത്യ ഉണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page