കോഴിക്കോട് : ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ.നല്ലളം ഉണ്ണിശ്ശേരി കുന്ന് ആന റോഡ് ഇല്ലിക്കൽ ഷാഹുൽ ഹമീദ് (42 ),കല്ലായ് ആനമാട് ചക്കുംകടവ് റഹിയാനത്ത് മൻസിൽ സക്കീർ (52), ഗുരുവായൂരപ്പൻ കോളേജ്, കിണാശ്ശേരി, കുളങ്ങര പീടിക താന്നിക്കാട്ട് മീത്തൽ പറമ്പ് റാഷിദ് (47),പന്തീരങ്കാവ് പുത്തൂർ മഠം പുറത്തൊളിക്കൻ പറമ്പ് ഷമീർ (37 ) എന്നിവരെയാണ് ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസ് ന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സിദ്ധിഖിൻ്റെ നേതൃത്വത്തിൽ നല്ലളം ഇൻസ്പെക്ടർ കെ.എ ബോസും സംഘവും അറസ്റ്റ് ചെയ്തത്.
ഇതിൽ ഷാഹുൽ ഹമീദ് നല്ലളം ദേവദാസ് സ്കൂളിനടുത്തും സക്കീർ മാത്തറ ഇരിങ്ങല്ലൂർ വടക്കാഞ്ചേരി പറമ്പിലും ഷമീർ ഒളവണ്ണ വന്ദന ബസ് സ്റ്റോപ്പിനടുത്തും വാടകക്ക് താമസിക്കുകയാണ്.
ഫറോക്കിൽ അഞ്ചു പേർ വാഹനാപകടത്തിൽ മരിച്ച കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചെർപ്പുളശ്ശേരി സംഘത്തിലെ മുഖ്യപ്രതി ചരൽ ഫൈസലിന്റെ സംഘാംഗം ആസിഫ് മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്നും കടത്തിയ സ്വർണ്ണം ഉടമക്ക് നൽകാതെ തട്ടിയെടുത്ത് മുങ്ങിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അയാളുടെ സഹോദരീ ഭർത്താവിനെ ഗൾഫിൽ നിന്നും പിടികൂടി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആസിഫിനെ വിളിച്ചു വരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരീ ഭർത്താവിനെ കരിപ്പൂരിൽ എത്തിച്ച് ചെർപ്പുള്ളശ്ശേരിയിലെ വീട്ടിലേക്ക് പോകാൻ വാഹനവുമായി വരാൻ പറയുകയും ചെയ്തു.
സഹോദരീ ഭർത്താവിനെ ആസിഫ് കൂട്ടാൻ വരുന്ന സമയം അയാളെ പിടിച്ചു കൊണ്ട് പോയി നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാനായി രുന്നു പദ്ധതി.ഇതിനായി കോഴിക്കോടുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു.എന്നാൽ ആസിഫിൻ്റെ കൂടെ ചരൽ ഫൈസലും, മുനീറും വരികയും മുനീർ വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോൾ ആസിഫാണെന്ന് കരുതി മുനീറിനെ കാറിൽ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു.ആക്രമി സംഘത്തെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഫൈസലിന്റെ കാറിന്റെ മുന്നിലെ ഗ്ലാസിലേക്ക് വലിയ കല്ലിട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും കാറെടുത്ത് ഫൈസലും ആസിഫും രക്ഷപ്പെടുകയായിരുന്നു. മുനീറിനെ കാറിൽ വെച്ച് മർദിക്കുകയും ഫോട്ടോയെടുത്ത് സ്വർണ്ണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിക്ക് അയച്ചു കൊടുക്കുകയും ചെയ്തപ്പോഴാണ് ആൾ മാറിയ വിവരം ഗുണ്ടാസംഘം അറിയുന്നത്.തുടർന്ന് മുനീറിനെ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.മുനീറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണത്തിൽ ചേരുകയും യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയതും കൂടാതെ സമീപ പ്രദേശങ്ങളി ലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ച ഉടനെ പ്രതികളെ പിടികൂടുകയുമായി രുന്നു. 36 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.