കാസര്‍കോട്: കാസര്‍കോട് എസ്‌ബിഐ ശാഖയില്‍ നിന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ശാഖയിലേയ്‌ക്ക് അയച്ച നോട്ടുകെട്ടുകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കും. ഇതു സംബന്ധിച്ച ഉത്തരവ് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന് സൂചന. കാസര്‍കോട് നിന്നു അയച്ച നോട്ടുകെട്ടുകളില്‍ നിന്നു 500 രൂപയുടെ അഞ്ചുനോട്ടുകളാണ് ആര്‍ബിഐ അധികൃതര്‍ തിരുവനന്തപുരത്ത് പിടികൂടിയത്. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിനായി കാസര്‍കോട് ടൗണ്‍ പൊലീസിനു കൈമാറുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നു ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തു. എന്നാല്‍ കള്ളനോട്ടു എങ്ങനെയാണ് ബാങ്കിലും പിന്നീട് ആര്‍.ബി.ഐയി ലേക്കും അയച്ച കെട്ടുകളില്‍ എത്തിയതെന്നും വ്യക്തമല്ല. അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്ന സൂചനകള്‍ പുറത്തു വന്നത്.
ഇതിനിടയില്‍ മലയോരത്തും കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നതായി സംശയം ഉയര്‍ന്നു.കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാര്‍ക്കാണ് 500 രൂപയുടെ നാല് കള്ളനോട്ടുകള്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല.
നോട്ടുകള്‍ ആരൊക്കെയാണ് പിഗ്മി ഏജന്റിനു കൈമാറിയത് എന്നതിനെകുറിച്ച് അന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ള വ്യാപാരം നടത്തുന്നവരില്‍ നിന്നാണ് കള്ളനോട്ടുകള്‍ പിഗ്മി ഏജന്റുമാര്‍ക്ക് ലഭിച്ചത്. സ്ഥാപനത്തിലെ യന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടാണെന്നു സ്ഥിരീകരിച്ചത്. പലഭാഗങ്ങളില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. അതിനാല്‍ ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി സംശയിക്കുന്നുണ്ട്.